പ്രധാന നേട്ടങ്ങളും വിജയകഥകളും

 1. വിഭവാധിഷ്ഠിത പരിപ്രേക്ഷ്യം പദ്ധതി 2020 AD- 1:250,000 തോതിലുള്ള സംസ്ഥാനത്തിന്റെ വിഭവാധിഷ്ഠിത ഭൂവിനിയോഗ പരിപ്രേക്ഷ്യത്തിന്റെ ആദ്യ മതിപ്പുകണക്ക് രേഖയാണിത്. ഗ്രാമതലത്തിലെ മണ്ണ് ഘടകങ്ങൾ ,അവ ഉൾപ്പെടുന്ന  പ്രദേശം, അനുയോജ്യമായ ഉപവിഭാഗങ്ങൾ, ഓരോ മണ്ണ് ഘടകങ്ങളുടെയും താലൂക്ക് തല വിസ്തൃതി,  പ്രധാന വിളകളുടെയും ഇടവിളകളുടെയും അനുയോജ്യത സംബന്ധിച്ച ശുപാർശകൾ, ട1, ട2, ട3 ഘട്ടങ്ങളിലുള്ള ഉല്പാദനക്ഷമത സൂചിപ്പിക്കുന്ന വിളകളുടെ പട്ടിക, സംസ്ഥാനത്ത് പൊതുവിൽ  കൃഷി ചെയ്തു വരുന്ന പ്രധാന വിളകൾക്ക് അനുയോജ്യമായ പ്രദേശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ടിൽ  ഉൾപ്പെടുത്തിയിരിക്കുന്നു. 
 1. കേരളത്തിന്റെ നീർത്തട അറ്റ്ലസ്സംസ്ഥാനത്തെ 44 നദീതട പ്രദേശങ്ങളെക്കുറിച്ചുള്ള 1:50,൦൦൦ തോതിലുള്ള നീർത്തട ഭൂപടം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീർത്തട പരിപാലന പദ്ധതികളും വികസന പദ്ധതികളും ആവിഷ്കരിക്കുമ്പോൾ  നീർത്തടത്തിന്റെ  ചിത്രണത്തിൽ  ഏകത  നിലനിറുത്തുവാൻ   വിവിധ വകുപ്പുകളെ ഈ ഭൂപടം സഹായിക്കുന്നു.
 2. റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള  ഇടുക്കി ജില്ലയുടെ  ഭൂവിനിയോഗ സർവെ- ഈ പദ്ധതി 1981ലാണ് പൂർത്തിയായത്. ഇതിന്റെ പ്രധാന ലക്ഷ്യം  ഏരിയൽ   ഫോട്ടോഗ്രാഫുകളും, കളർ ഇൻഫ്രാ  റെഡ് ചിത്രങ്ങളും  ഉപയോഗിച്ച്  ജില്ലയുടെ  പ്രകൃതി വിഭവ പരിപാലനത്തിനും  സുസ്ഥിരമായ  വികസനം സാധ്യമാക്കുന്നതിനുമായി  1:15,000 തോതിൽ ജില്ലയിലെ ഭൂവിനിയോഗ പ്ലാൻ തയ്യാറാക്കുക എന്നതായിരുന്നു. 
 3. ദേശീയ ഭൂവിനിയോഗ/ഭൂആവരണ മാപ്പിംഗ് പദ്ധതി– കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ സഹായത്തോടെ IRS-IA ഉപഗ്രഹ ചിത്രങ്ങളുടെ (1:250000) ദൃശ്യ വ്യാഖ്യാനത്തിലൂടെ സംസ്ഥാനത്താകമാനമുള്ള ഭൂവിനിയോഗ/ഭൂആവരണ മാപ്പിംഗ് നടത്തി.
 4. 1:50,000 സ്കെയിലിൽ വേസ്റ്റ് ലാൻഡുകളുടെ മാപ്പിംഗ് – സംസ്ഥാനത്തെ വിവിധ വേസ്റ്റ് ലാൻഡ് വിഭാഗങ്ങളുടെ വിസ്തീർണ്ണം മാപ്പ് ചെയ്തു.
 5. തെങ്ങിന്റെ ഇൻവെന്ററി – ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ തെങ്ങിന്റെ ഇൻവെന്ററി അഹമ്മദാബാദിലെ ബഹിരാകാശ നിലയവുമായി സഹകരിച്ച്, ഉപഗ്രഹ ചിത്രങ്ങൾ, സി.ഐ.ആർ., ഏരിയൽ ഫോട്ടോഗ്രാഫുകൾ എന്നിവയുടെ വ്യാഖ്യാനത്തിലൂടെ നടത്തുകയുണ്ടായി.
 6. കേരളത്തിലെ ഭൂഭ്രംശം/മണ്ണിടിച്ചിൽ- സംസ്ഥാനത്തെ മണ്ണിടിച്ചിൽ / ഉരുൾ പൊട്ടൽ  പ്രശ്നത്തെക്കുറിച്ച് പൊതുവിലൊരു ധാരണ നൽകുന്നതിനും     പ്രധാന  മണ്ണിടിച്ചിൽ / ഉരുള്‍പൊട്ടൽ സാധ്യതാ മേഖലകളെ കണ്ടെത്തുന്നതിനുമാണ് ഈ പഠനം പ്രധാനമായി ലക്ഷ്യമിട്ടത്. 1996ൽ നടത്തിയ പഠന റിപ്പോർട്ടിൽ സംസ്ഥാനത്തുണ്ടായ വിവിധ ഉരുള്‍പൊട്ടലുകളുടെ വിശദമായ കേസ് സ്റ്റഡികൾ ഉൾപ്പെടുത്തുകയും സംസ്ഥാനത്തെ ഉരുള്‍പൊട്ടൽ അപകട സാദ്ധ്യതാ മേഖലകളെ സ്ഥലസംബന്ധിയായി 1:250,000 തോതിൽ തരം തിരിക്കുകയും ചെയ്തു.
 7. കേരളത്തിലെ തണ്ണീർത്തടങ്ങളിൽ സംഭവിക്കുന്ന ശോഷണത്തിന്റെ അളവും  വ്യാപ്തിയും തിട്ടപ്പെടുത്തുക– 1:10,000 തോതിൽ  കേരളത്തിലെ നെൽ പാടങ്ങളെ കണ്ടെത്തുകയും തരംതിരിക്കുകയും ചെയ്യുക, തണ്ണീർത്തടങ്ങളിൽ സംഭവിക്കുന്ന ശോഷണത്തിന്റെ വ്യാപ്തി വിലയിരുത്തുക, കേരളത്തിലെ നെൽപാടങ്ങളുടെ ഒരു ഡിജിറ്റൽ  വിവരശേഖരം ഉണ്ടാക്കുക, നിലവിലുള്ള വിവിധ ശോഷണ പ്രക്രിയകളുടെ കാരണങ്ങൾ രേഖപ്പെടുത്തുക തുടങ്ങിയവയായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഈ പഠനപദ്ധതിയിലൂടെ നെൽപാടങ്ങളും വെള്ളക്കെട്ടുപ്രദേശങ്ങളും ഉൾക്കൊള്ളുന്ന എഴുപതുകളിലെ അടിസ്ഥാന ഭൂപടങ്ങൾ തയ്യാറാക്കി. തുടർന്ന് ആധുനിക സാങ്കേതിക വിദ്യകളായ വിദൂര സംവേദനവും, ഭൂവിവര വ്യവസ്ഥയും ഉപയോഗപ്പെടുത്തി ഈ പ്രദേശങ്ങളിൽ വന്ന വ്യതിയാനം മനസ്സിലാക്കി ശോഷണത്തിന്റെ അളവും വ്യാപ്തിയും കാണിക്കുന്ന ഭൂപടങ്ങൾ തയ്യാറാക്കി.
 8. പഞ്ചായത്ത് റിസോഴ്സ് മാപ്പിംഗ് – പഞ്ചായത്തിന്റെ  അടിസ്ഥാന ആസ്തികൾ  ഭൂവിനിയോഗം,  ജലസ്രോതസ്സുകൾ എന്നിവ  മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇത് പൂർത്തീകരിച്ചു. കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ സാങ്കേതിക മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത സർക്കാരിതര സന്നദ്ധ സംഘടനകൾ മുഖേനയും തൃശൂർ  റീജിയണൽ ഓഫീസിലെ സൗകര്യങ്ങൾ  പ്രയോജനപ്പെടുത്തിയാണ് പദ്ധതി  നടപ്പിലാക്കിയത്.
 • കാർഷിക പാരിസ്ഥിതിക മേഖല തരം തിരിക്കൽ : സംസ്ഥാനമൊട്ടാകെ അഗ്രോ ഇക്കോളജിക്കൽ സോണേഷൻ നടത്തി. സംസ്ഥാനത്തെ കർഷക സമൂഹത്തിനിടയിൽ നൂതന സാങ്കേതിക വിദ്യകളും പരിപാലന രീതികളും പ്രചരിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ 985 ഫാം ക്ലബ്ബുകൾ സംഘടിപ്പിച്ചു. സൂക്ഷ്മ മൂലകങ്ങളുടെ അളവ് വിലയിരുത്താൻ മണ്ണും  വിളകളുടെ ഇലയും  ലബോറട്ടറിയിൽ അനാലിസിസ്  ചെയ്യുകയും കർഷകർക്ക് അനുയോജ്യമായ ശുപാർശകൾ നൽകുകയും ചെയ്തു
 • ഡിജിറ്റൽ വിഭവ ഭൂപടങ്ങൾ -ജി. ഐ. എസ്. ഉപയോഗിച്ച് തൃശൂർ,വയനാട്, എറണാകുളം ജില്ലകളിലെ പ്രകൃതി വിഭവ ഭൂപടങ്ങൾ തയ്യാറാക്കി. ഈ ജില്ലകളിലെ ബ്ലോക്ക് തല ഭൂപടങ്ങളും തയ്യാറാക്കി. തൃശൂർ ജില്ലയ്ക്കു വേണ്ടി യൂസർ ഇന്ററാക്ഷൻ സോഫ്റ്റ് വെയർ, പഞ്ചായത്ത് റിസോർസ് ഇൻഫർമേഷൻ സിസ്റ്റം എന്നിവ തയ്യാറാക്കുകയും ചെയ്തു.
 • ജലം, പരിസ്ഥിതി, എന്നിവയുടെ സംരക്ഷണത്തിനുള്ള അവബോധം സൃഷ്ടിക്കുന്നതിനും, പ്രാദേശിക ഉല്പന്നങ്ങളുടെ ഉപയോഗം പ്രചരിപ്പിക്കുന്നതിനുമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ 2004 ജനുവരി മാസം  സംസ്ഥാനതല ജല പരിസ്ഥിതി സ്വദേശി സന്ദേശ യാത്ര സംഘടിപ്പിച്ചു.
 • സെമിനാറുകളിലൂടെയും അച്ചടി ദൃശ്യ മാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും മഴവെള്ള സംഭരണത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യാപകമായ ബോധ വൽക്കരണം നടത്തി.
 • ഏഴ് തെക്കൻ ജില്ലകൾക്കായി പഞ്ചായത്ത് തല നീർത്തട ഭൂപടങ്ങൾ തയ്യാറാക്കി ഹരിതകേരളം മിഷന് കൈമാറി.

 

 

പദ്ധതികളിലെ പ്രധാനപ്പെട്ടവയുടെ വിശദാംശങ്ങൾ ചുവടെച്ചേർക്കുന്നു

 

1. വിഭവാധിഷ്ഠിത പരിപ്രേക്ഷ്യം പദ്ധതി 2020 – എ.ഡി
കേന്ദ്ര ആസൂത്രണ കമ്മീഷൻ ഇന്ത്യയിലെ കൃഷിയുടെ അതുല്യമായ പ്രത്യേകത തിരിച്ചറിഞ്ഞുകൊണ്ട് ഭാരതത്തിൽ കാർഷിക-കാലാവസ്ഥാ ഘടകത്തെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമായ കാർഷിക വികസനത്തിന് തുടക്കം കുറിച്ചു. കാർഷിക ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിന് ഇത്തരത്തിലുള്ളൊരു കാർഷിക-കാലാവസ്ഥ സ്ഥലസംബന്ധിയായ ഭൂവിനിയോഗാസൂത്രണ സമ്പ്രദായങ്ങൾ ഉൾപ്പെടുത്തിയുള്ള ശാസ്ത്രീയ സമീപനത്തിലൂടെ കഴിയും. കേരളം ഉൾപ്പെട്ടിരിക്കുന്നത് ഏറ്റവും കൂടുതൽ കാർഷിക, വന ജൈവവൈവിധ്യമുള്ള പടിഞ്ഞാറൻ തീര സമതലങ്ങളിലും പശ്ചിമഘട്ട മേഖലയിലുമാണ്.

കാർഷിക-കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള ഭൂവിനിയോഗാസൂത്രണം ആരംഭിക്കുന്നതിന് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചരിത്രപരമായ നേതൃത്വമാണ് വഹിച്ചത്. പ്ലാനിംഗ് കമ്മീഷന്റെ കൃഷി-കാലാവസ്ഥ റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്ന പ്രകാരം മണ്ണ്, ജലം, സസ്യങ്ങൾ എന്നിവയുടെ ബന്ധം പുനർനിർവചിക്കുന്നതിനും ഒരു സമഗ്രമായ കാർഷിക വികസന പദ്ധതിക്ക് രൂപം നൽകുന്നതിനുമുള്ള ആവശ്യകതയുണ്ടായിരുന്നു. ഇത് പ്രകാരം കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഒരു കമ്മിറ്റി രൂപീകരിക്കുകയും വിഭവാധിഷ്ഠിത പരിപ്രേക്ഷ്യം പദ്ധതി 2020 – എ.ഡി തയ്യാറാക്കുകയും ചെയ്തു. കേന്ദ്ര കൃഷി മന്ത്രാലയം ഇതിനുവേണ്ടിയുള്ള എല്ലാ സഹായങ്ങളും നല്കുകയുണ്ടായി.

കാർഷിക ഭൂവിനിയോഗാസൂത്രണത്തെ സംബന്ധിക്കുന്ന കേരളത്തിലെ ആദ്യത്തെ പ്രവർത്തനമായിരുന്നു ഇത്. കാർഷിക-കാലാവസ്ഥ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കാർഷിക ഭൂവിനിയോഗം, മണ്ണ്, കാലാവസ്ഥ, ഭൂവിനിയോഗ മാതൃക, ജല സ്രോതസ്സുകൾ, ഹൈഡ്രോജിയോളജി, വനത്തിലെ ഭൂവിഭവങ്ങൾ എന്നിവയുൾപ്പടെ സാധ്യമായ എല്ലാ വിവരങ്ങളും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഷിക ഉത്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സ്രോതസ്സുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായിട്ടാണ് 1254 പേജുകളും 11 ചാപ്റ്ററുകളും, ഒട്ടനവധി പട്ടികകൾ, ഭൂപടങ്ങൾ എന്നിവയുള്ള ഈ വലിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഒന്നാമത്തെ ചാപ്റ്ററിൽ സുസ്ഥിരമായ ഭൂവിനിയോഗം, സുസ്ഥിരമായ കൃഷി, ഭാരത്തിന്റെ കാർഷിക സാഹചര്യത്തിന്റെ ഒരു അവലോകനം, കേരളത്തിലെ കൃഷി, കേരളത്തിലെ സുസ്ഥിര കൃഷിയുടെ സാധ്യതകൾ എന്നിവ പ്രതിപാദിച്ചിരിക്കുന്നു.

കേരളത്തിലെ വിവിധ ഭൂരൂപങ്ങളും, വിവിധ കാരണങ്ങൾ കൊണ്ട് സംഭവിച്ച ഭൂമിയുടെ ശോഷണവും സംബന്ധിക്കുന്ന വിവരങ്ങൾ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കാർഷികോല്പാദനത്തിന് തടസ്സം സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട പ്രദേശങ്ങളെ തീരദേശ മണൽ, തീരദേശ വെള്ളക്കെട്ടുള്ള മണ്ണ് , നാശോന്മുഖമായ തുറസ്സായ വനപ്രദേശം, നദീതടത്തിലെ കടുത്ത മണ്ണൊലിപ്പ് ബാധിച്ച പ്രദേശങ്ങൾ, ഉരുൾപൊട്ടൽ, കടൽക്ഷോഭം കൂടുതലുള്ള പ്രദേശങ്ങൾ എന്നിങ്ങനെ റിപ്പോർട്ടിൽ തരം തിരിച്ചിരിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത സംബന്ധിക്കുന്ന വിവരങ്ങളോടൊപ്പം കീടനാശിനികളുടെയും വളങ്ങളുടെയും പ്രയോഗം ഉൾപ്പടെയുള്ള കൃഷി പരിപാലന മുറകൾ കൂടി റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രാദേശികാടിസ്ഥാനത്തിലുള്ള ഗവേഷണത്തിന്റെ ആവശ്യകതയും റിപ്പോർട്ടിൽ ചർച്ച ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കേരളത്തെ കൃഷി രീതികൾക്കനുസരിച്ചു സൗത്ത് സോൺ, സെൻട്രൽ സോൺ, നോർത്തേൺ സോൺ, ഹൈ റേഞ്ച്, പ്രശ്നങ്ങളുള്ള പ്രത്യേക മേഖല എന്നിങ്ങനെ വിവിധ മേഖലകളായി തരം തിരിച്ച് വിവരണം നടത്തിയിട്ടുണ്ട്.

2. കേരളത്തിന്റെ നീർത്തട അറ്റ്ലസ് (1:50,000 സ്കെയിൽ)

ഈ കാലഘട്ടത്തിൽ ഭൂവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ്. നീർത്തട ആസൂത്രണം, ഭൂവിഭവങ്ങളുടെ സംരക്ഷണവും, വികസനവും പരിപാലനവും, ഉറപ്പാക്കുകയും സുസ്ഥിരമായ ഭൂവിനിയോഗസൂത്രണം സാധ്യമാക്കുകയും ചെയ്യുന്നു. പ്രകൃതിദത്തവും മനുഷ്യപ്രേരിതവുമായ ഭൂമിയുടെ ശോഷണം കുറയ്ക്കുന്നതിന് നീർത്തടാധിഷ്ഠിത ആസൂത്രണവും വികസനവും അത്യന്താപേക്ഷിതമാണ്.

ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി, കേന്ദ്ര കൃഷി മന്ത്രാലയം CSS സ്കീമിന് കീഴിൽ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിനെ കേരളത്തിലെ 44 നദികളുടെ മൈക്രോ വാട്ടർഷെഡ് ലെവൽ വരെയുള്ള 1:50,000 സ്കെയിലിലെ നീർത്തട അറ്റ്ലസ് തയ്യാറാക്കുന്നതിന് വേണ്ട പദ്ധതി അനുവദിച്ചു. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയായിരുന്നു ഇത്. സംസ്ഥാനത്തെ വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് വിവിധ വികസന വകുപ്പുകകളുടെയും, ഏജൻസികളുടെയും വളരെ കാലത്തേ ഒരു ആവശ്യമായിരുന്നു ഇത്തരമൊരു അറ്റ്ലസ്. നിലവിൽ ഇത് വിവിധ സംഘടനകൾ, വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ വേസ്റ്റ് ലാൻഡ് വികസനനം, മണ്ണ്, ജല സംരക്ഷണ പദ്ധതികൾ, ഗ്രാമ വികസനം, വരൾച്ച/വെള്ളപ്പൊക്കം ലഘൂകരണ പ്രവർത്തനങ്ങൾക്ക്, NREGP, സോഷ്യൽ ഫോറസ്ട്രി, വനവൽക്കരണ പരിപാടികൾ, പ്രകൃതി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വലിയ രീതിയിൽ ഉപയോഗിച്ച് വരുന്നു.

3. കേരള സംസ്ഥാന ഭൂവിനിയോഗ നയം (കരട്)

ദേശീയ മാർഗരേഖകളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് കേരള ഭൂവിനിയോഗ നയം രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി കേരളം സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി.

ആവാസവ്യവസ്ഥയുടെയും ഭൂവിഭവങ്ങളുടെയും സുസ്ഥിരതയും സംരക്ഷണവും ഉറപ്പാക്കുന്നതിനോടൊപ്പം സ്വാശ്രയത്വം കൈവരിക്കുക എന്നതാണ് സംസ്ഥാനത്തെ ഭൂവിനിയോഗ ആസൂത്രണത്തിന്റെ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ. ഭൂവിനിയോഗ നയം നടപ്പിലാക്കുന്നതോടെ മണ്ണിന്റെ ഉൽപ്പാദന ശേഷി വർധിക്കുകയും, ശരിയായ ജലസേചനവും ഉറപ്പാക്കപ്പെടുകയും, കൃഷിയോഗ്യമായ ഭൂമികളുടെ ഫലഭൂയിഷ്ഠത മെച്ചപ്പെടുകയും, മികച്ച കാർഷിക ഉത്പാദനം ഉണ്ടാകുകയും ചെയ്യും. വിവേചനരഹിതമായ ഭൂമിയുടെ തരം മാറ്റൽ നിയന്ത്രിക്കുന്നതിനോടൊപ്പം, കൃഷി, വ്യാവസായിക, പാർപ്പിട മേഖലകൾ തരം തിരിക്കേണ്ടതുണ്ട്. കാർഷിക, ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലസ്രോതസ്സുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനോടൊപ്പം, ജൈവആവാസ വ്യവസ്ഥയുടെ സംരക്ഷണവും വനങ്ങളുടെ പൊതുവായ സംരക്ഷണവും അത്യാവശ്യമാണ്. സംസ്ഥാനത്തെ ഭൂമിയുടെ ഉൽപാദനക്ഷമത, സസ്യജാലങ്ങൾ എന്നിവയെ നശിപ്പിക്കാതെ ഏറ്റവും അനുയോജ്യവും സുസ്ഥിരവുമായ രീതിയിലുള്ള ഭൂവിനിയോഗം എന്നതാണ് സംസ്ഥാന ഭൂവിനിയോഗ നയത്തിന്റെ പ്രധാന ലക്ഷ്യം. ഈ ഒരു കാഴ്ചപ്പാടോടുകൂടി ഭൂവിനിയോഗ ബോർഡ് കരട് ഭൂവിനിയോഗ നയം തയ്യാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

4. ഭൂവിഭവ വിവര സംവിധാനം

2010-11 കാലഘട്ടത്തിലാണ് വകുപ്പ് ഭൂവിഭവ വിവര സംവിധാനം തയ്യാറാക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. സ്പേഷ്യൽ ഡാറ്റയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രാദേശിക തലത്തിലുള്ള ആസൂത്രണത്തിന് വേണ്ടി പ്രദർശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം സ്ഥലമാന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സാങ്കേതിക വിദ്യ, സോഫ്റ്റ്‌വെയർ എന്നിവ ലഭ്യമാക്കുന്നതിനും ഉദ്ദേശിക്കുന്നു. ഹരിത കേരളമിഷൻ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുൾപ്പടെയുള്ള മറ്റ് വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് നീർത്തടാധിഷ്ഠിത പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. താഴെ തട്ടിലുള്ള ശാസ്ത്രീയമായ ഭൂവിഭവ പരിപാലനം ഇതിന് അത്യന്താപേക്ഷിതമാണ്. ഇതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്. പ്രസ്തുത പദ്ധതിയിലൂടെ ലഭ്യമാകുന്ന വെബ് അധിഷ്ഠിത ഭൂവിഭവ വിവര സംവിധാനത്തിൽ ഒരു പ്രദേശത്തെ മണ്ണ്, ജലസ്രോതസ്സുകൾ, ഭൂരൂപങ്ങൾ, ഭൂഗർഭജല ലഭ്യത , നീർത്തടങ്ങൾ, ഭൂവിനിയോഗം എന്നിവയുടെ സ്ഥലപരമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ബഹുതല വിവര സംവിധാനത്തിന്റെ സഹായത്തോടെ ലഭ്യമാകുന്ന സമഗ്രമായ വിവരങ്ങളിലൂടെ സൂക്ഷമതലത്തിലുള്ള ഭൂവിഭവങ്ങളുടെ ആസൂത്രണവും പരിപാലനവും സാധ്യമാണ്. സംസ്ഥാനത്തെ 14 ജില്ലകളുടെ ഭൂവിവര വിഭവസംവിധാനം (ലാൻഡ് റിസോഴ്‌സ് ഇൻഫർമേഷൻ സിസ്റ്റം) വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ പഞ്ചായത്ത് തലത്തിലെ അസറ്റുകൾ, റോഡ്, നീർച്ചാലുകൾ , ജിയോളജി, ജിയോമോർഫോളജി, ലീനിയമെന്റ്, മണ്ണ്, ലിത്തോളജി, ഭൂഗർഭജലം തുടങ്ങിയ തീമുകൾ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുന്നു. 14 ജില്ലകളുടെയും ഡാറ്റാബേസ് ലാൻഡ് റിസോഴ്‌സ് ഇൻഫർമേഷൻ സിസ്റ്റം വെബ് സൈറ്റിൽ ലഭ്യമാണ്. വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി സംസ്ഥാനത്തെ ഒട്ടനവധി വകുപ്പുകളും ഏജൻസികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വെബ്സൈറ്റിലെ വിവരങ്ങൾ വ്യാപകമായി ഉപയോഗി ക്കുന്നു.

ഈ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഇ-ഗവേണൻസ് അവാർഡ് ലഭിക്കുകയുണ്ടായി.

5. ജലസമൃദ്ധി പദ്ധതി

വറ്റാത്ത ഉറവക്കായ്‌ ജലസമൃദ്ധി – ജല സംരക്ഷണത്തിനായുള്ള ഒരു മാതൃകാ തുടക്കം
ബഹു. കാട്ടാക്കട MLA ശ്രീ. ഐ.ബി.സതീഷ് 2016 ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിൽ നൽകിയ സന്ദേശത്തിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ കാട്ടാകട നിയോജക മണ്ഡലത്തെ ജലസമൃദ്ധമായ മണ്ഡലമാക്കി മാറ്റാൻ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ നിർദ്ദേശം വെക്കുകയുണ്ടായി. സംയോജിത ജലസംരക്ഷണ പരിപാലന പദ്ധതി രൂപീകരിക്കുന്നതിനുള്ള എം. എൽ. യെ. യുടെ ആശയം ജില്ലാ ഭരണകൂടം പൂർണ്ണ ഹൃദയത്തോടെ ഏറ്റെടുക്കുകയും ജല സംരക്ഷണ പദ്ധതികൾ നടപ്പാക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിനെ സാങ്കേതികമായി പ്രായോഗികവും സാമ്പത്തികമായി ലാഭകരവുമായ ഒരു മാനേജ്‌മന്റ് പ്ലാൻ തയ്യാറാക്കുവാൻ ചുമതലപ്പെടുത്തി. വകുപ്പ് വളരെ മാതൃകാപരമായി ഒരു ശാസ്ത്രീയ ജലവിഭവ പരിപാലന പ്ലാൻ തയ്യാറാക്കുകയും “വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി” എന്ന പദ്ധതിയുടെ നടത്തിപ്പിനുള്ള സാങ്കേതിക സഹായങ്ങളും നൽകി വരികയും ചെയ്യുന്നു.

വറ്റാത്ത ഉറവക്കായ്‌ ജലസമൃദ്ധി പദ്ധതിയുടെ സവിശേഷതകൾ

• ബഹു. കാട്ടാക്കട MLA ശ്രീ. ഐ.ബി.സതീഷ് വിഭാവനം ചെയ്ത പദ്ധതി
• തുക വകയിരുത്താതെ ആരംഭിച്ച പദ്ധതി
• ശാസ്ത്രീയ ജല വിഭവ പരിപാലന പദ്ധതി
• ജില്ലാ ഭരണ കൂടത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വം
• വികസന വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണം
• മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിന്തുണ
• സ്ഥലപരമായ ആസൂത്രണത്തിനായുള്ള നൂതന സാങ്കേതിക വിദ്യകൾ
• വിവിധ വികസന വകുപ്പുകളുടെ പദ്ധതികളുടെ കൺവെർജെൻസ്
• ചെലവ് കുറഞ്ഞതും സ്ഥല നിർധിഷ്ഠിതവുമായ പരിഹാരങ്ങൾ
• ജനങ്ങളുടെ സജീവ പങ്കാളിത്തം
• എൻ. ജി. ഒ., യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തം
• സംയോജിത നീർത്തട പരിപാലനത്തിന്റെ മികച്ച ഉദാഹരണം
• ഭൂഗർഭജല റിപ്പോർട്ട് പ്രകാരം കാട്ടാക്കട നിയോജക മണ്ഡലം ഉൾപ്പെട്ട നേമം ബ്ലോക്ക് ഭൂഗർഭ ജല ലഭ്യതയിൽ സെമി ക്രിട്ടിക്കൽ വിഭാഗത്തിൽ നിന്നും സുരക്ഷിത മേഖലയിലെത്തി.
• കേരളത്തിലെ മറ്റ് നീർത്തടങ്ങളിലും ഉപതടങ്ങളിലും ജലസമൃദ്ധി മാതൃകയിലുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലൂടെ സംയോജിത നദീതട പരിപാലന ലക്ഷ്യങ്ങളുടെ 80 ശതമാനവും കൈവരിക്കാൻ സാധിക്കും.
• പദ്ധതി പ്രവർത്തനങ്ങളിലൂടെ വെള്ളപ്പൊക്കത്തെയും വരൾച്ചയെയും അതി ജീവിക്കാൻ കഴിയും

ശാസ്ത്രീയമായ ആസൂത്രണവും ജനങ്ങളുടെ പങ്കാളിത്തവും

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് പ്രാഥമിക വിവര ശേഖരണത്തിലൂടെയും ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥത്തിലൂടെയും നിലവിലുള്ള ജലസ്രോതസ്സുകളുടെ വിവര ശേഖരണം വിപുലമായി നടത്തുകയുണ്ടായി. ഈ വിവര സഞ്ചയം ജി.ഐ.എസ് പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്. ദ്വിതീയ വിവര ശേഖരണത്തിലൂടെയും, യൂസർ ഇന്ററാക്ഷൻ വർക്‌ഷോപ്പുകളിലൂടെയും മറ്റും ഈ വിവര സഞ്ചയം മികവുറ്റതാക്കി. സെമിനാറുകൾ, ചർച്ചകൾ, പരിശീലനങ്ങൾ എന്നിവ കമ്മ്യൂണിറ്റി പാർട്ടിസിപ്പേഷൻ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചു. നിലവിലുള്ള ജലസ്രോതസ്സുകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്തുകയുണ്ടായി. വിശദമായ ചർച്ചകളിലൂടെ മഴ വെള്ളം സംഭരിക്കുന്നതിനും നാശം നേരിടുന്ന ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പുതിയവ നിർമ്മിക്കുന്നതിനുമുള്ള സാദ്ധ്യതകൾ കണ്ടെത്തി.

നാലാമത് ലോക പുനർ നിർമ്മാണ കോൺഫെറെൻസിൽ പ്രത്യേക പരാമർശം

പ്രാഥമിക വിവര ശേഖരണത്തിലൂടെയും ഉപഗ്രഹ ചിത്രങ്ങളുടെ വ്യാഖ്യാനത്തിലൂടെയും നിലവിലുള്ള ജലസ്രോതസ്സുകളെക്കുറിച്ച് വകുപ്പ് സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കി ജി.ഐ.എസ് പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നു. ലഭ്യമായ ദ്വിതീയ ഡാറ്റ ഉപയോഗിച്ച് ഡാറ്റാബേസ് സമ്പുഷ്ടമാക്കുകയും, ഉപഭോക്‌തൃ ഇടപെടൽ വർക്ക് ഷോപ്പുകളിലൂടെയും എല്ലാവിഭാഗം ജനങ്ങളുമായുള്ള ചർച്ചകളിലൂടെയും ഫീൽഡ് പരിശോധനകളിലൂടെയും ഡാറ്റാബേസിനെ മികച്ച രീതിയിൽ ക്രമീകരിച്ചു. പദ്ധതി ആസൂത്രണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് നിരവധി സെമിനാറുകളും ചർച്ചകളും പരിശീലനങ്ങളും നടത്തി. നിലവിലുള്ള ജലസ്രോതസ്സുകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്തുകയും വിശദമായ ചർച്ചകളിലൂടെ മഴ വെള്ളം സംഭരിക്കുന്നതിനും, നാശം നേരിടുന്ന ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും, പുതിയവ നിർമ്മിക്കുന്നതിനുമുള്ള സാദ്ധ്യതകൾ കണ്ടെത്തി. മെയ് മാസത്തിൽ ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ സമ്മേളനത്തിന്റെ നാലാം പതിപ്പിൽ സംയോജിത ജലസംരക്ഷണത്തിന്റെ മികച്ച മാതൃകയായി ജലസമൃദ്ധി പദ്ധതി അവതരിക്കപ്പെട്ടത് പദ്ധതിക്ക് ലഭിച്ച ഒരു വലിയ ഒരു അംഗീകാരമാണ്. ഇതുകൂടാതെ ബഹു. മുഖ്യമന്ത്രിയുടെ അവാർഡ്, ദേശീയ തലത്തിൽ സ്കോച്ച് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ പദ്ധതിക്ക് നേടാനായി.ജലശക്തി മന്ത്രാലയത്തിന്റെ രണ്ടാമത്തെ ദേശീയ ജല അവാർഡിൽ മികച്ച ബോധവൽക്കരണ വിഭാഗത്തിൽ പദ്ധതിക്ക് മൂന്നാം സമ്മാനവും ലഭിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വെബ്‌സൈറ്റിന് (www.jalasamrdhi.com) 2018-ലെ ഇ-ഗവേണൻസ് അവാർഡ് ലഭിക്കുകയും ചെയ്തു.