ഭൂവിനിയോഗ ബോർഡ് ശക്തിപ്പെടുത്തൽ (വിഹിതം: 147.00 ലക്ഷം രൂപ)


സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഭൂമിയുടെ വിവേകപൂർണമായ ഉപയോഗം, നിലവിലെ ഭൂവിനിയോഗത്തെ സംബന്ധിച്ച് സൂക്ഷ്മ തല വിവരശേഖരണം, ഭൂവിഭവങ്ങൾ, ഭൂമിയുടെ ഫലഭൂയിഷ്ഠത, കാര്യക്ഷമമായ ഭൂവിനിയോഗം തുടങ്ങിയ പഠനങ്ങൾ നടത്തുന്നതിൽ സജീവമായി ഇടപെട്ടു വരുന്നു. കൂടാതെ പ്രകൃതി വിഭവങ്ങളുടെ വിവരശേഖരണവും പഠനങ്ങളും ബോർഡ് എറ്റെടുത്ത് നടത്തി വരുന്നു. വിഭവാധിഷ്ടിതവും വിഷയാധിഷ്ടിതവുമായ ഭൂപട നിർമ്മാണം, സ്പേഷ്യൽ ഡാറ്റാബേസ് വികസനം സ്ഥലപരമായ തീരുമാന സഹായ സംവിധാനം തുടങ്ങിയ മേഖലകളിൽ സാങ്കേതിക സഹായവും ബോർഡ് നൽകി വരുന്നു. മണ്ണ് സംരക്ഷണം സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ പൊതു ജനങ്ങൾക്കായി ബോധവൽക്കരണ പരിപാടികളും വകുപ്പ് നൽകുന്നു. ഇതര വകുപ്പുകൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ഭൂവിനിയോഗം, സ്ഥലസംബന്ധമായ ആസൂത്രണം എന്നിവയിലേക്ക് മാർഗോപദേശ സേവനങ്ങളും സംസ്ഥാന ഭൂവിനിയോഗ ബോർഡ് നൽകി വരുന്നു.

2023-24-ൽ ജിയോ ഇൻഫോമാറ്റിക്സ് ലബോറട്ടറിയുടെ നവീകരണവും ശക്തിപ്പെടുത്തലും സംബന്ധിച്ച പ്രവർത്തങ്ങൾ തുടരുന്നതാണ്. വിവിധ വകുപ്പുകളിലും മറ്റു സ്രോതസ്സുകളിലുമുള്ള വിഭവങ്ങളെ ഡിജിറ്റൽ രൂപത്തിലാക്കാനും ഉപഭോക്തൃ സൗഹൃദ പരമായ തരത്തിൽ ലഭ്യമായ വിവരങ്ങളെ മാറ്റി തദ്ദേശ സ്ഥാപനങ്ങൾക്കും പദ്ധതി ആസൂത്രണം ചെയ്യുന്നവർക്കും, ഭരണ കർത്താക്കൾക്കും, മറ്റു വകുപ്പുകൾക്കും പ്രയോജനപ്രദമായ രീതിയിൽ വിവരങ്ങൾ കാലാനുസൃതമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് വിഷയാടിസ്ഥാനത്തിൽ കണക്കുകൾ നൽകികൊണ്ടു് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയ്ക്കും, ഹരിത കേരളം മിഷനും, മറ്റ്‌ സർക്കാർ പദ്ധതികൾക്കും ജി.ഐ.എസ് പിന്തുണ ലഭ്യാമാക്കും. ഭൂവിഭവ ആസൂത്രണത്തിന്റെ എല്ലാതലങ്ങളിലും ഐ.ടി. മാതൃക നടപ്പാക്കുന്നതിലെ വെല്ലുവിളികൾ നേരിടാൻ ജിയോ ഇൻഫോമാറ്റിക്സ് ലാബ് ശക്തിപ്പെടുത്തും. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ പാഴ് ഭൂമിയെക്കുറിച്ച് സ്ഥലവിവര (സ്പേഷ്യൽ) ഡാറ്റാബേസ് 2023-24 കാലയളവിൽ തയ്യാറാക്കും. പഞ്ചായത്തുകളുടെ ഭൂഗർഭജല നിരക്ക് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജല വിഭവ പരിപാലനവും, ക്രിട്ടിക്കൽ സെമി ക്രിട്ടിക്കൽ ബ്ലോക്കുകൾക്കായുള്ള ജല സംരക്ഷണ പദ്ധതിയും ഏറ്റെടുക്കും. വിവിധ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ജി.ഐ.എസിൽ ഹ്രസ്വകാല പരിശീലനവും, വകുപ്പിലെ ജീവനക്കാർക്ക് സർവീസ് സംബന്ധമായ വിഷയങ്ങൾ ആസ്പദമാക്കിയുള്ള പരിശീലനവും വകുപ്പ് നൽകും. തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളുടെ പഞ്ചായത്തുതല പ്രകൃതിവിഭവ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതോടൊപ്പം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനുള്ള അവബോധ പരിപാടികൾ സംഘടിപ്പിക്കാനും വകുപ്പ് 2023-24 ൽ ലക്ഷ്യമിടുന്നു. ഇതോടൊപ്പം ജലസമൃദ്ധി പദ്ധതിയുടെ നടത്തിപ്പിനുള്ള സാങ്കേതിക പിന്തുണയും പദ്ധതിയുടെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.